കോതമംഗലം∙ ചെറിയ പളളിയിൽ സംഘർഷം. പളളിയിൽ എത്തിയ ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാന്റെ കാർ തല്ലിത്തകർത്തു. കോതമംഗലം എസ്ഐ ഉൾപ്പെടെ 10 പേർക്ക് പരുക്കേറ്റു. ഓർത്തഡോക്സ് സഭയിലെ തോമസ് പോൾ റമ്പാൻ, ഭദ്രാസന സെക്രട്ടറി ഫാ. ജെയ്സ് മാത്യു, ട്രസ്റ്റി ഫാ. എൽദോ ഏലിയാസ്, ജയിംസ് കട്ടക്കനായി, എം.എം. ഏബ്രഹാം എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും യാക്കോബായ സഭയിലെ സി.എ. കുഞ്ഞച്ചൻ (51), ബിനോയ് എം. തോമസ് (55),വി.വൈ. ബേസിൽ വട്ടപറമ്പിൽ (45), സാജൻ ഐസക് (44) എന്നിവരെ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷം നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പരുക്കേറ്റ എസ്ഐ ദിലീഷിനെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ബാവായുടെ തിരുശേഷിപ്പുകൾ കോഴിപ്പിള്ളി ചക്കലക്കുടി ചാപ്പലിലേക്കു നീക്കം ചെയ്യാൻ യാക്കോബായ സഭാംഗങ്ങൾ ശ്രമിക്കുന്നു എന്നാരോപിച്ചും ഇതു തടയുന്നതിനുമാണ് ഇന്നലെ വൈകിട്ട് 7 മണിയോടെ തോമസ് പോൾ റമ്പാനും സംഘവും പള്ളിയിൽ എത്തിയത്. തോമസ് പോൾ റമ്പാന്റെ കാർ തടഞ്ഞതു സംഘർഷത്തിനിടയാക്കി.
കാറിൽ നിന്ന് ഇറങ്ങാതെ റമ്പാൻ തിരിച്ചു പോകണമെന്ന് അവിടെ കൂടിയവർ ആവശ്യപ്പെട്ടു. തുടര്‍ന്ന്‍ റമ്പാന്റെ കാർ തള്ളി നീക്കുകയും കമ്പും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തിൽ ഫാ.ജയ്സ് മാത്യുവിന്റെ കണ്ണിനു പരുക്കേറ്റു. 15 മിനിറ്റ് നീണ്ട സംഘർഷത്തിനൊടുവിൽ പൊലീസ് സാഹസികമായാണ് റമ്പാന്റെ കാര്‍ പ്രദേശത്ത് നിന്ന് മാറ്റിയത്.
ഏകപക്ഷീയമായ രീതിയിൽ തിരുശേഷിപ്പുകൾ നീക്കം ചെയ്യാനുള്ള ശ്രമമാണു യാക്കോബായ സഭ നടത്തിയതെന്നും ഇതിനെതിരെ ആർഡിഒ അടക്കമുള്ളവർക്കു പരാതി നൽകിയിട്ടും വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും റമ്പാൻ ആരോപിച്ചു.
.
No comments:
Post a Comment