ഹൂസ്റ്റണ്‍: ജൂലൈ 25 മുതല്‍ 28 വരെ വൈവിധ്യമാര്‍ന്ന പരിപാടികളും ധ്യാനവും പഠനവും ചര്‍ച്ചകളും കൊണ്ട് സജീവവും ശ്രദ്ധേയവുമായി തീര്‍ന്ന 32മത് നോര്‍ത്ത് അമേരിക്കന്‍ സിഎസ്‌ഐ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് അനുഗ്രഹകരമായി സമാപിച്ചു.
ഹൂസ്റ്റണ്‍ ഹയാത്ത് റീജന്‍സി ഹോട്ടലില്‍ വച്ചു നടന്ന കോണ്‍ഫറന്‍സില്‍ 450ല്‍ പരം വിശ്വാസികള്‍ പൂര്‍ണസമയം പങ്കെടുത്തു. ഹൂസ്റ്റണ്‍ സെന്റ് തോമസ് സിഎസ്‌ഐ ചര്‍ച്ച് ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റനാണു കോണ്‍ഫറന്‍സിനു ആതിഥേയത്വം വഹിച്ചത്.
സമാപന ദിവസം ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷയ്ക്കു മോഡറേറ്റര്‍ അഭിവന്ദ്യ തോമസ് കെ. ഉമ്മന്‍ തിരുമേനിയുടെ മുഖ്യ കാര്‍മികത്വം വഹിച്ചു. റൈറ്റ്.റവ. ജോണ്‍ പെരുമ്പലത്ത്, (ബിഷപ്പ്, ബ്രാഡ്വെല്‍ ഡയോസിസ്, ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്) റൈറ്റ്.റവ.ഉമ്മന്‍ ജോര്‍ജ് ( ബിഷപ്പ്,കൊല്ലം കൊട്ടാരക്കര ഡയോസിസ്), റവ. വില്യം ഏബ്രഹാം (വൈസ് പ്രസിഡണ്ട്,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍), ഭദ്രാസനത്തിലെ മറ്റ് വൈദികര്‍ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിച്ചു.
ജൂലൈ 25 നു വ്യാഴാഴ്ച നടന്ന ഉത്ഘാടന ചടങ്ങും ഘോഷയാത്രയും കേരളത്തിന്റെ സാംസ്‌കാരിക തനിമയുടെ മറ്റൊരു നേര്‍കാഴ്ചയായിരുന്നു. കേരളീയ ശൈലിയിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് പ്രതിനിധികള്‍ പങ്കെടുത്ത ഘോഷയാത്രയ്ക്ക് 'താലപ്പൊലിയും' 'ചെണ്ടമേളവും' മറ്റു താളമേളങ്ങളും വര്‍ണക്കൊഴുപ്പ് നല്‍കി. കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കുന്ന അഭിവന്ദ്യ ബിഷപ്പുമാരെ കൂടാതെ റവ.ഡോ. രത്‌നാകര സദാനന്ദം (ജനറല്‍ സെക്രട്ടറി, സിഎസ്‌ഐ സിനഡ്), അഡ്വ. റോബര്‍ട്ട് ബ്രൂസ് (ട്രഷറര്‍, സിഎസ്‌ഐ സിനഡ്), ഡോ. സൂസന്‍ തോമസ് ( സിഎസ്‌ഐ സ്ത്രീജന സഖ്യം പ്രസിഡന്റ്) റൈറ്റ്.റവ. കാതറിന്‍ എം.റയാന്‍ ( സഫ്‌റഗന്‍ ബിഷപ്പ്, എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് ടെക്‌സാസ് ഡിയോസിസ്) ആദരണീയനായ കെ.പി.ജോര്‍ജ് ( ഫോര്‍ട്‌ബെന്‍ഡ് കൌണ്ടി ജഡ്ജ്,ടെക്‌സാസ്) എന്നിവര്‍ ഉത്ഘാടന വേദിയെ ധന്യമാക്കി ആശംസകള്‍ നേര്‍ന്നു.
ഫാമിലി കോണ്ഫറന്‍സില്‍ 'ഡെസ്സേര്‍ട് ബ്ലോസ്സം' (യെശയ്യാവ്: 35:12) എന്ന ചിന്താവിഷയത്തെ ആധാരമാക്കി ചിന്തോദീപകങ്ങളായ പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു. പ്രവാസി സഭയുടെ മരുഭൂവനുഭവങ്ങളും ദൈവം നിയോഗിച്ച യിരിയ്ക്കുന്ന ദേശത്തും രാജ്യത്തും കര്‍ത്താവിനു വേണ്ടി വെല്ലുവിളികള്‍ ഏറ്റെടുത്തു കൊണ്ട് ദൈവ സ്‌നേഹം പങ്കിടുവാനും സേവനം ചെയ്യുവാനും കഴിയണമെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രമുഖ ചിന്തകനായ റൈറ്റ്.റവ. ജോണ്‍ പെരുമ്പലത്ത് (ബിഷപ്പ്, ബ്രാഡ്വെല്‍ ഡയോസിസ്, ചര്‍ച്ച് ഓഫ് ഇംഗ്‌ളണ്ട്) പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വെള്ളിയാഴ്ച വൈകിട്ട്, വിവിധ ഇടവകകളിലെ ഗായകസംഘങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തിയ 'ക്വയര്‍ ഫെസ്റ്റിവല്‍' മനോഹരമായ ഗാനങ്ങളാല്‍ വേറിട്ട് നിന്നു. ശനിയാഴ്ച വൈകുന്നേരം നടന്ന 'ടാലെന്റ്‌റ് നൈറ്റ്' കലാപ്രതിഭകളുടെ വിഭവസമൃദ്ധമായ കലാസന്ധ്യയായി മാറി.
'യൂത്ത് ആന്‍ഡ് യങ് അഡല്‍ട്‌സ്' സെഷനുകള്‍ക്ക് റവ. ജോബി ജോയ് (ന്യൂജഴ്‌സി) നേതൃത്വം നല്‍കി. ചെറുപ്പക്കാര്‍ക്കായി ഒരുക്കിയ യൂത്ത് സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റ് ശ്രദ്ധേയമായിരുന്നു. ബാഡ്മിന്റണ്‍ ഡബിള്‍സ്, വോളീബോള്‍, ബാസ്‌കറ്റ്ബാള്‍ തുടങ്ങിവ ടൂര്‍ണമെന്റിന് മാറ്റുകൂട്ടി.
സമാപനദിവസമായ ഞായറാഴ്ച നടന്ന ബിസിനസ് മീറ്റിംഗില്‍ റവ. വില്യം എബ്രഹാം സ്വാഗത പ്രസംഗം നടത്തി. മാത്യു ജോഷ്വ (സെക്രട്ടറി,നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍) ജോളി ഡേവിഡ് ( ട്രഷറര്‍, നാഷണല്‍ വിമന്‍സ് ഫെല്ലോഷിപ്പ്) കോശി ജോര്‍ജ് ( കണ്‍വീനര്‍, ബില്‍ഡിംഗ് കമ്മിറ്റി), ബ്രയാന്‍ മാത്യു (നാഷണല്‍ സെക്രട്ടറി, യൂത്ത് ഫെല്ലോഷിപ്പ്) എന്നിവര്‍ അനുഗ്രഹകരമായ രീതിയില്‍ കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചവരെ അഭിനന്ദിച്ചു സംസാരിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ട്രോഫികളും സമ്മാനിച്ചു. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇടവക ബൈബിള്‍ ക്വിസിനും വോളിബോളിനും ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ സിഎസ്‌ഐ മലയാളം കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്ക് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനവും ബാസ്‌കറ്റ്‌ബോളിലും ബൈബിള്‍ ക്വിസിലും രണ്ടാം സ്ഥാനങ്ങള്‍ക്കും അര്‍ഹരായി. സെന്റ് പോള്‍സ് ആന്‍ഡ് റിസറക്ഷന്‍ ചര്‍ച്ച് ഓഫ് ന്യൂജേഴ്‌സി ബൈബിള്‍ ക്വിസില്‍ മൂന്നാം സ്ഥാനം നേടി.
ഹൂസ്റ്റണ്‍ സെന്റ് തോമസ് ഇടവക വൈസ് പ്രസിഡന്റ് റെനി ഐസക് നന്ദി പ്രകാശിപ്പിച്ചു.
റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി
No comments:
Post a Comment